ഥപ്പപടിനെ കുറിച്ചുള്ളള പോസ്റ്റുകളുടെ താഴെ അമു എന്ന കഥാപാത്രത്തെ 'വിമർശിച്ച്' കൊണ്ട് ഏറ്റവും കൂടുതൽ കണ്ട comment ആണ് "ഒരു അടി കൊണ്ട് തീരുന്നതാണോ വിവാഹം?" ഇതേ comment ഇട്ട എന്റെ ഒരു സുഹൃത്ത് "ബുൾബുൾ" നെ പ്രകീർത്തിച്ച് ഇട്ട സ്റ്റാറ്റസ് ആണ് എന്നെ ചിത്രം കാണാൻ പ്രേരിപ്പിച്ചത്.
1800 ലെ ബംഗാളിലെ കഥയാണിത്. Patriarchy യുടെ ഭയാനകമായ രൂപമാണ് ഈ ഹൊറർ ചിത്രത്തിലെ പേടിപ്പിക്കുന്ന ഘടകം.ബാല്യത്തിലേ തന്നേക്കാൾ ഏറെ വയസിനു മുതിർന്ന ആളുമായി (ഇന്ദ്രനീൽ) വിവാഹിതയായി വലിയൊരു പ്രഭു കുടുംബത്തിലേക്ക് എത്തുന്ന പെൺകുട്ടിയാണ് ബുൾബുൾ.ഏക ആശ്രയമായിരുന്ന ഭർതൃ സഹോദരൻ സത്യ നാടു കടത്തപ്പെടുന്നതിന്റെ വിരഹവും, വ്യക്തിത്വത്തിന് ഒന്നിനുമേൽ ഒന്നായി വീണ അടികളും, ബുൾബുളിന്റെ രക്തം വാർന്ന് ചുവന്ന രാത്രിയോടെ അവസാനിക്കുന്നു. പെൺകുട്ടികൾ 'പറക്കാതിരിക്കാനായി' കാൽ വിരലിലെ ഞരമ്പിനെ അമർത്തി മോതിരം ഇടീക്കുന്ന വ്യവസ്ഥക്കുമീതെ അന്നത്തോടെ ചുവന്ന രാത്രികൾ പടരുകയാണ്. മുത്തശ്ശിക്കഥയുടെ അവതരണ രീതിയാണെങ്കിലും, ദുരിതക്കയത്തിൽ പെട്ട നായികയെ രക്ഷിക്കാൻ രാജകുമാരന്മാരെ അനുവദിച്ചില്ല എന്നതാണ് ഇതിന്റെ സൗന്ദര്യം.
ഇന്ദ്രനീലിന്റെ ക്രൂരതയിലൂടെ, "ഒന്നും മിണ്ടരുതെന്നു"ള്ള ബിനോദിനിയുടെ 'കരുതലിലൂടെ', ബുൾബുളെന്ന സ്ത്രീയെ നേർവഴിക്ക് നടത്താൻ നോക്കുന്ന വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ 'നിരുപദ്രവകാരിയായ' സത്യയിലൂടെയെല്ലാം വരച്ചു കാണിക്കുന്നത് patriarchy യുടെ വിവിവിധ മുഖങ്ങളാണ്. 1800 ൽ നിന്നും 2000 ത്തിൽ എത്തി നിൽക്കുമ്പോൾ ആധിപത്യങ്ങളുടെ പ്രവർത്തന ശൈലിയിൽ മാറ്റങ്ങളുണ്ടായെങ്കിലും ആത്യന്തികമായ ലക്ഷ്യം മാറുന്നേയില്ല .
ഏൽക്കുന്ന മുറിവിന്റെ ആഴവും,എണ്ണവും, ദൃശ്യതയുമാണ് പലപ്പോഴും അതിന്റെ ക്രൂരതയുടെ അളവ് നിർണയിക്കുന്നത്.അതു കൊണ്ടാകാം ഒരടിയിൽ മനസിലേൽക്കുന്ന നീറ്റലുകളെ ആരും കാണാതെ പോകുന്നത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു കുട്ടിയുടെ പീഡകരെ തല വെട്ടണമെന്ന ആക്രോശം ഉയരുമ്പോഴും,ഭർത്താവിന്റെ/കാമുകന്റെ/ ഭർതൃവീട്ടിലെ abuse കളെ പറ്റി പറയുന്ന പെൺകുട്ടിയോട് ഇതെല്ലാം സാധാരണമാണെന്ന് സമൂഹം പറയുന്നതിനാലാണ് ഉയരെയും ബുൾബുളും സ്വീകരിക്കപ്പെടുകയും ഥപ്പടിന് നേരെ വലിയൊരു വിഭാഗത്തിന് മുറുമുറുപ്പ് ഉണ്ടാവുകയും ചെയ്യുന്നത്.ഒരു വരയ്ക്കപ്പുറം വലിയ വര വരച്ചു ആദ്യത്തേതിനെ ചെറുതാക്കുന്നതീലൂടെ ഇത്തരം വരകളുണ്ടാവുന്നതിന് പിന്നിലെ പൊതുബോധം വീണ്ടും വേരുകൾ ഉറപ്പിക്കുകയാണ്. ഈ വരകൾക്ക് മീതെ നിന്നു കെണ്ടാണ് ഥപ്പട് പറയുന്നത് Just a slap, par nahi maar sakta...
No comments:
Post a Comment