Tuesday, 21 July 2020

'അവർ'ക്കാലം


"നാം എഴുതുന്ന പൊട്ടും പൊടിയും മാത്രമല്ല,നമ്മുടെ മനസ്സും വിചാരവും സ്വപ്നവും വായിക്കുവാൻ കഴിയുന്നവർ, അവർ പൊടുന്നനെ വരികയും, വേഗം പിരിയുകയും ചെയ്യും. ഒരിക്കൽ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണമായി ഇറങ്ങിപ്പോയാലും അവർ നല്കിയ കാലം നമ്മുടെയുള്ളിൽ നിറഞ്ഞു നിൽക്കും".

Bojack Horseman അവസാന episode ലേക്ക് കടന്നപ്പോൾ കൂട്ടിച്ചേർത്ത് മനസ്സ് കണ്ടത് "സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ" ഈ വാക്കുകളെയാണ്. ഒരു animated കുതിരയുടെ കഥ ഇത്രയും relatable ആണെന്ന് തോന്നിയതും അപ്പോഴാണ്.

ജീവിതത്തിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് നമ്മുടെ എല്ലാ വശങ്ങളും കണ്ടിട്ടും കൂടെയുണ്ടാകുന്നത്. നല്ലൊരു ഭാഗം വരെ ഞാനും കരുതിയത് ഇവരുടെ കരുതലിലാണ് നിവർന്നു നിൽക്കുന്നതെന്നാണ്. അതുകൊണ്ട് തന്നെ ഇറങ്ങിപ്പോയവരേയോ, ഇറക്കിവിട്ടവരെയോ ഓർക്കാറേയില്ലായിരുന്നു. ഇവരുടെ ഓർമ്മകളോടുള്ള പ്രത്യേക ഇഷ്ടക്കേടോ, അവരില്ലായ്മയിലും നടന്നു തീർത്ത ദൂരങ്ങളോടുള്ള പ്രത്യേക ഇഷ്ടമോ ആയിരിക്കാം കാരണം.

 പ്രണയങ്ങൾ, സൗഹൃദങ്ങൾ, രക്ത ബന്ധങ്ങൾ അങ്ങനെ നാം അകന്നതോ നമ്മിൽ നിന്നകന്നതോ ആയ ഒരുപാട് കണ്ണികൾ. നാം കാണുന്ന മനുഷ്യരുടെ അത്ര തന്നെ വൈവിധ്യമാർന്നതാണ് അവരുമായി നമ്മളുണ്ടാക്കുന്ന ബന്ധങ്ങളും. അതു കൊണ്ട് തന്നെ ഒരാളും, മറ്റൊരാൾക്ക് പകരമാകാറില്ല. കൊഴിഞ്ഞു പോവുന്നതിന് മുൻപ് അവർ നൽകുന്ന ചെറിയ വെളിച്ചങ്ങളിലാണ് ചിലപ്പോഴൊക്കെ മുന്നോട്ടുള്ള വഴി തെളിയുന്നത്, അതിലൂടെയാണ് പുതിയ കണ്ണികളെ തിരയുന്നത്. 

ഒന്നാലോചിച്ചാൽ ഇതെല്ലാം ഒരു BoJack Horseman മാത്രം പറഞ്ഞു വച്ച കാര്യങ്ങളല്ലായിരുന്നു. "അയാളും ഞാനും തമ്മിലി"ൽ Dr. സാമുവലിന്റെ മരണ ശേഷവും അദ്ദേഹം നയിച്ച പാതയിലൂടെ പോയ Dr. രവി തരകനും, ക്ലാരയിലൂടെ ജീവിതത്തിന്റെ/പ്രണയത്തിന്റെ പുതിയ മാനങ്ങൾ തിരിച്ചറിഞ്ഞ ജയകൃഷ്ണനും, "Where is Dan?" എന്ന ചോദ്യത്തിന് പിന്നാലെ വാടി വീഴാറായ ഒരു "October" വസന്തത്തിന് കൂട്ടിരുന്ന ഡാനും നാളുകളായി ഇവിടെ തന്നെ ഉണ്ടായിരുന്നവരായിരുന്നു.

കൂടെ കൂട്ടിയ ഒരാളെ കുറിച്ചും പശ്ചാത്താപത്തോടെ ഓർക്കേണ്ടതില്ല, ഒരു പാഠവും ചെറുതല്ല. കൂടെ നടക്കുന്നവരേറെയും നാം ആരാണെന്ന് അറിഞ്ഞവരാണ്, എന്നാൽ നമ്മളാരാണെന്ന്  നമ്മളെ മനസിലാക്കിച്ചതിൽ വഴിയേ ഇറങ്ങിപ്പോയവർക്കും ഇറക്കിവിട്ടവർക്കും പങ്കുണ്ട്...

2 comments: