Tuesday, 21 July 2020

'അവർ'ക്കാലം


"നാം എഴുതുന്ന പൊട്ടും പൊടിയും മാത്രമല്ല,നമ്മുടെ മനസ്സും വിചാരവും സ്വപ്നവും വായിക്കുവാൻ കഴിയുന്നവർ, അവർ പൊടുന്നനെ വരികയും, വേഗം പിരിയുകയും ചെയ്യും. ഒരിക്കൽ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണമായി ഇറങ്ങിപ്പോയാലും അവർ നല്കിയ കാലം നമ്മുടെയുള്ളിൽ നിറഞ്ഞു നിൽക്കും".

Bojack Horseman അവസാന episode ലേക്ക് കടന്നപ്പോൾ കൂട്ടിച്ചേർത്ത് മനസ്സ് കണ്ടത് "സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ" ഈ വാക്കുകളെയാണ്. ഒരു animated കുതിരയുടെ കഥ ഇത്രയും relatable ആണെന്ന് തോന്നിയതും അപ്പോഴാണ്.

ജീവിതത്തിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് നമ്മുടെ എല്ലാ വശങ്ങളും കണ്ടിട്ടും കൂടെയുണ്ടാകുന്നത്. നല്ലൊരു ഭാഗം വരെ ഞാനും കരുതിയത് ഇവരുടെ കരുതലിലാണ് നിവർന്നു നിൽക്കുന്നതെന്നാണ്. അതുകൊണ്ട് തന്നെ ഇറങ്ങിപ്പോയവരേയോ, ഇറക്കിവിട്ടവരെയോ ഓർക്കാറേയില്ലായിരുന്നു. ഇവരുടെ ഓർമ്മകളോടുള്ള പ്രത്യേക ഇഷ്ടക്കേടോ, അവരില്ലായ്മയിലും നടന്നു തീർത്ത ദൂരങ്ങളോടുള്ള പ്രത്യേക ഇഷ്ടമോ ആയിരിക്കാം കാരണം.

 പ്രണയങ്ങൾ, സൗഹൃദങ്ങൾ, രക്ത ബന്ധങ്ങൾ അങ്ങനെ നാം അകന്നതോ നമ്മിൽ നിന്നകന്നതോ ആയ ഒരുപാട് കണ്ണികൾ. നാം കാണുന്ന മനുഷ്യരുടെ അത്ര തന്നെ വൈവിധ്യമാർന്നതാണ് അവരുമായി നമ്മളുണ്ടാക്കുന്ന ബന്ധങ്ങളും. അതു കൊണ്ട് തന്നെ ഒരാളും, മറ്റൊരാൾക്ക് പകരമാകാറില്ല. കൊഴിഞ്ഞു പോവുന്നതിന് മുൻപ് അവർ നൽകുന്ന ചെറിയ വെളിച്ചങ്ങളിലാണ് ചിലപ്പോഴൊക്കെ മുന്നോട്ടുള്ള വഴി തെളിയുന്നത്, അതിലൂടെയാണ് പുതിയ കണ്ണികളെ തിരയുന്നത്. 

ഒന്നാലോചിച്ചാൽ ഇതെല്ലാം ഒരു BoJack Horseman മാത്രം പറഞ്ഞു വച്ച കാര്യങ്ങളല്ലായിരുന്നു. "അയാളും ഞാനും തമ്മിലി"ൽ Dr. സാമുവലിന്റെ മരണ ശേഷവും അദ്ദേഹം നയിച്ച പാതയിലൂടെ പോയ Dr. രവി തരകനും, ക്ലാരയിലൂടെ ജീവിതത്തിന്റെ/പ്രണയത്തിന്റെ പുതിയ മാനങ്ങൾ തിരിച്ചറിഞ്ഞ ജയകൃഷ്ണനും, "Where is Dan?" എന്ന ചോദ്യത്തിന് പിന്നാലെ വാടി വീഴാറായ ഒരു "October" വസന്തത്തിന് കൂട്ടിരുന്ന ഡാനും നാളുകളായി ഇവിടെ തന്നെ ഉണ്ടായിരുന്നവരായിരുന്നു.

കൂടെ കൂട്ടിയ ഒരാളെ കുറിച്ചും പശ്ചാത്താപത്തോടെ ഓർക്കേണ്ടതില്ല, ഒരു പാഠവും ചെറുതല്ല. കൂടെ നടക്കുന്നവരേറെയും നാം ആരാണെന്ന് അറിഞ്ഞവരാണ്, എന്നാൽ നമ്മളാരാണെന്ന്  നമ്മളെ മനസിലാക്കിച്ചതിൽ വഴിയേ ഇറങ്ങിപ്പോയവർക്കും ഇറക്കിവിട്ടവർക്കും പങ്കുണ്ട്...

Thursday, 9 July 2020


ഥപ്പപടിനെ കുറിച്ചുള്ളള പോസ്റ്റുകളുടെ താഴെ അമു എന്ന കഥാപാത്രത്തെ 'വിമർശിച്ച്' കൊണ്ട് ഏറ്റവും കൂടുതൽ കണ്ട comment ആണ് "ഒരു അടി കൊണ്ട് തീരുന്നതാണോ വിവാഹം?" ഇതേ comment ഇട്ട എന്റെ ഒരു സുഹൃത്ത് "ബുൾബുൾ" നെ പ്രകീർത്തിച്ച് ഇട്ട സ്റ്റാറ്റസ് ആണ് എന്നെ ചിത്രം കാണാൻ പ്രേരിപ്പിച്ചത്.


1800 ലെ ബംഗാളിലെ കഥയാണിത്. Patriarchy യുടെ ഭയാനകമായ രൂപമാണ് ഈ ഹൊറർ ചിത്രത്തിലെ പേടിപ്പിക്കുന്ന ഘടകം.ബാല്യത്തിലേ തന്നേക്കാൾ ഏറെ വയസിനു മുതിർന്ന ആളുമായി (ഇന്ദ്രനീൽ) വിവാഹിതയായി വലിയൊരു പ്രഭു കുടുംബത്തിലേക്ക് എത്തുന്ന പെൺകുട്ടിയാണ് ബുൾബുൾ.ഏക ആശ്രയമായിരുന്ന ഭർതൃ സഹോദരൻ സത്യ നാടു കടത്തപ്പെടുന്നതിന്റെ വിരഹവും, വ്യക്തിത്വത്തിന് ഒന്നിനുമേൽ ഒന്നായി വീണ അടികളും, ബുൾബുളിന്റെ രക്തം വാർന്ന് ചുവന്ന രാത്രിയോടെ അവസാനിക്കുന്നു. പെൺകുട്ടികൾ 'പറക്കാതിരിക്കാനായി' കാൽ വിരലിലെ ഞരമ്പിനെ അമർത്തി മോതിരം ഇടീക്കുന്ന വ്യവസ്ഥക്കുമീതെ അന്നത്തോടെ ചുവന്ന രാത്രികൾ പടരുകയാണ്. മുത്തശ്ശിക്കഥയുടെ അവതരണ രീതിയാണെങ്കിലും, ദുരിതക്കയത്തിൽ പെട്ട നായികയെ രക്ഷിക്കാൻ രാജകുമാരന്മാരെ അനുവദിച്ചില്ല എന്നതാണ് ഇതിന്റെ സൗന്ദര്യം.

ഇന്ദ്രനീലിന്റെ ക്രൂരതയിലൂടെ, "ഒന്നും മിണ്ടരുതെന്നു"ള്ള ബിനോദിനിയുടെ 'കരുതലിലൂടെ', ബുൾബുളെന്ന സ്ത്രീയെ നേർവഴിക്ക് നടത്താൻ നോക്കുന്ന വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ 'നിരുപദ്രവകാരിയായ' സത്യയിലൂടെയെല്ലാം വരച്ചു കാണിക്കുന്നത് patriarchy യുടെ വിവിവിധ മുഖങ്ങളാണ്. 1800 ൽ നിന്നും 2000 ത്തിൽ എത്തി നിൽക്കുമ്പോൾ ആധിപത്യങ്ങളുടെ പ്രവർത്തന ശൈലിയിൽ മാറ്റങ്ങളുണ്ടായെങ്കിലും ആത്യന്തികമായ ലക്ഷ്യം മാറുന്നേയില്ല .

ഏൽക്കുന്ന മുറിവിന്റെ ആഴവും,എണ്ണവും, ദൃശ്യതയുമാണ് പലപ്പോഴും അതിന്റെ ക്രൂരതയുടെ അളവ് നിർണയിക്കുന്നത്.അതു കൊണ്ടാകാം ഒരടിയിൽ മനസിലേൽക്കുന്ന നീറ്റലുകളെ ആരും കാണാതെ പോകുന്നത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു കുട്ടിയുടെ പീഡകരെ തല വെട്ടണമെന്ന ആക്രോശം ഉയരുമ്പോഴും,ഭർത്താവിന്റെ/കാമുകന്റെ/ ഭർതൃവീട്ടിലെ abuse കളെ പറ്റി പറയുന്ന പെൺകുട്ടിയോട് ഇതെല്ലാം സാധാരണമാണെന്ന് സമൂഹം പറയുന്നതിനാലാണ് ഉയരെയും ബുൾബുളും സ്വീകരിക്കപ്പെടുകയും ഥപ്പടിന് നേരെ വലിയൊരു വിഭാഗത്തിന് മുറുമുറുപ്പ് ഉണ്ടാവുകയും ചെയ്യുന്നത്.ഒരു വരയ്ക്കപ്പുറം വലിയ വര വരച്ചു ആദ്യത്തേതിനെ ചെറുതാക്കുന്നതീലൂടെ ഇത്തരം വരകളുണ്ടാവുന്നതിന് പിന്നിലെ പൊതുബോധം വീണ്ടും വേരുകൾ ഉറപ്പിക്കുകയാണ്. ഈ വരകൾക്ക് മീതെ നിന്നു കെണ്ടാണ് ഥപ്പട് പറയുന്നത് Just a slap, par nahi maar sakta...
Who are the five people closest to you? ' 

കുറച്ചു മാസങ്ങൾക്ക് മുൻപ് IG feeds ലൂടെ തെന്നി നീങ്ങുമ്പോഴാണ് ഡിയർ സിന്ദഗിയിലെ ഈ dialogue കാണുന്നത്. മുൻവിധികൾ മാറ്റി വച്ച് Dear zindagi കാണാൻ തീരുമാനിച്ചതും അങ്ങനെയാണ്.2016 മുതൽ 2019 വരെയുള്ള ചെറിയ കാലയളവിൽ എനിക്കും, അതിലൂടെ എന്റെ ബന്ധങ്ങൾക്കും സംഭവിച്ച വലിയ മാറ്റങ്ങൾ കുഴപ്പിക്കുന്ന ചോദ്യങ്ങളായി അവശേഷിക്കെ, കാലങ്ങളായി കൂടെയുള്ള നാലു പേരെ ഒഴിച്ചു നിർത്തിയാൽ വേറെ ഒന്നിനോടും സ്ഥിരത കാണിക്കാത്ത Kaira (Alia Bhatt) എനിക്ക് വളരെ പരിചിതമായ ഒരു മുഖമായി..
.
നമ്മുടെയൊക്കെ ജീവിതത്തിലും Kaira ക്കുള്ള പോലെ കുറച്ചു പേർ കാണും.. അവർ നമ്മളെ മുഖംമൂടികളില്ലാതെ കണ്ടവരാണ്, judgement ഇല്ലാതെ കേട്ടവരാണ്, നമ്മുടെ നിശബ്ദതയുടെ ആഴം അറിഞ്ഞവരാണ്.. സ്വാർത്ഥത കൊണ്ട് പരിചയപ്പെടുന്ന ഏതൊരാളിലും നമ്മളിതേ connection ആഗ്രഹിക്കുന്നുമുണ്ട്.. സൗഹൃദങ്ങളിൽ, പ്രണയങ്ങളിൽ.. പലപ്പോഴും അത്തരമൊരു ബന്ധം തോന്നിപ്പിക്കുന്ന ആളുകളിലൂടെ നാം കടന്നു പോകുന്നുമുണ്ട്. രാമന്റെ ഏദൻതോട്ടത്തിൽ മാലിനി പറയുന്നുണ്ട് "ലൈഫിൽ നമുക്ക് കണക്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് പേരുണ്ടെന്ന് പണ്ടൊക്കെ തോന്നിയിരുന്നു, പിന്നെയാ മനസിലായത് അങ്ങനെയുള്ള ഒരാളെയെങ്കിലും കണ്ടെത്തുന്നതാ ഏറ്റവും വലിയ ഭാഗ്യം എന്ന്"..
.
Before Sunset ൽ പറയുന്നത് പോലെ "we believe that there'll be more people you would connect, but later in life,you realize that it happens only a few times".അങ്ങനെ പ്രണയവും കെട്ടിപ്പൂട്ടി, കുറേ സൗഹൃദങ്ങളോടു സുല്ലിട്ട്, ഏറെ പ്രിയപ്പെട്ട നാലുപേരിൽ മാത്രം ഒതുങ്ങി ജീവിക്കുകയായിരുന്ന എന്റെ മുന്നിലേക്ക് വർഷങ്ങൾക്ക് ശേഷം ഈ സിനിമ വരുമ്പോൾ അതിനൊരു കെട്ടുകഥയുടെ പൊടിപ്പും തൊങ്ങലുമൊന്നുമില്ലായിരുന്നു. എനിക്ക് ഞാനായിരിക്കാൻ കഴിയാത്തിടങ്ങളിൽ നിന്നുള്ള എന്റെ ഇറങ്ങിപ്പോവലുകളെ, അസ്ഥിരതകളെ, ആരെയൊക്കെയോ ബോധിപ്പിക്കാനുള്ള നെട്ടോട്ടങ്ങളെ, ഏറ്റവുമൊടുവിൽ അഞ്ചാമതൊരാളെ കണ്ടു കിട്ടിയപ്പോ 'ചരിത്രം' വച്ച് ഭാവി പ്രവചിക്കുന്നവരെ വരയ്ക്കപ്പുറം നിർത്താനുള്ള തീരുമാനങ്ങളെ വരെ സ്വാധീനിച്ച ചിത്രമായി dear zindagi മാറി 

നമ്മളെ മനസിലാക്കുന്ന എത്രയാളുകൾ ഉണ്ടെന്നതിലുപരി, ഏതൊക്കെ ബന്ധങ്ങളിലാണ് നമ്മുടെ unapologetic self നെ, മറകളില്ലാത്ത നിങ്ങളെ നിങ്ങൾ കണ്ടെത്തുന്നത് എന്നതിലാണ്.. അവരെ ചേർത്തു നിർത്തുന്നതിലാണ്.. 

Because they are your inner circle and they love you for being you..